
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിലേക്ക് പാസഞ്ചർ ട്രെയിൻ പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ബഹരംപുർ മേഖലയിലെ കർണസുബർണ റെയിൽവേ ലെവൽ ക്രോസിങ്ങിൽ ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന വാനിൽ നിംതിത–കത്വ പാസഞ്ചർ ട്രെയിൻ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. വാനിന്റെ ഭാഗങ്ങൾ റെയിൽപാളത്തിന് സമീപം ചിതറിക്കിടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.
അപകടത്തിന് പിന്നാലെ ഗേറ്റ്‌മാന്റെ അശ്രദ്ധയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നു. ഒരു ട്രെയിൻ കടന്നുപോയതിന് ശേഷം സമീപ ട്രാക്കിലൂടെ മറ്റൊരു ട്രെയിൻ എത്തുന്നത് ശ്രദ്ധിക്കാതെ ലെവൽ ക്രോസിങ് ഗേറ്റ് തുറന്നുവെന്നാണ് ദൃക്‌സാക്ഷികളും പ്രാദേശിക മാധ്യമങ്ങളും പറയുന്നത്. സംഭവത്തിൽ ഗേറ്റ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പരുക്കേറ്റ വിദ്യാർഥികളെ ഉടൻ മുർഷിദാബാദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും റെയിൽവേ അധികൃതരും സ്ഥലത്തെത്തി.










